ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇറാൻ-യുഎസ് ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. യുഎസ് പ്രസിഡന്റ ്ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവർ ഇന്നലെ ദോഹയിലെത്തി.
എന്നാൽ, ഇവർ ഇറേനിയൻ പ്രതിനിധികളുമായി നേരിട്ടു ചർച്ച നടത്തില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മധ്യസ്ഥത വഹിക്കുന്ന ഖത്തർ, പാക്കിസ്ഥാൻ പ്രതിനിധികളുമായിട്ടായിരിക്കും യുഎസ് സംഘത്തിന്റെ ചർച്ചകളെന്നു സൂചനയുണ്ട്.
അമേരിക്കൻ പ്രതിനിധികളുമായി ഒരു തരത്തിലുള്ള ചർച്ചയും വരുംദിവസങ്ങളിൽ ഉണ്ടാവില്ലെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയിയും വ്യക്തമാക്കി.
ഈ മാസം 17ന് ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ 14 ഇന ധാരണാപത്രം നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകളാണ് നടക്കേണ്ടത്. എന്നാൽ ഇരുവിഭാഗവും വെടിനിർത്തൽ ലംഘനം ആരോപിക്കുന്നതിനാൽ ചർച്ചകൾ ആരംഭിച്ചിട്ടില്ല.
ഇതിനിടെ, ഖത്തറിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ 1200 കോടി ഡോളർ ആസ്തിയിൽ 600 കോടി ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം വിട്ടുകിട്ടുമെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചു.
തുക വിട്ടുകിട്ടുന്നതു സംബന്ധിച്ചായിരിക്കും ഖത്തർ പ്രതിനിധികൾ ഇന്ന് അമേരിക്കൻ പ്രതിനിധികളുമായി ചർച്ച ചെയ്യുകയെന്ന് ഇറേയിൻ വിദേശകാര്യമന്ത്രാലയം വക്താവ് ബാഗേയി ഇന്നലെ പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ഇറാൻ വിദേശസഹായം വേണ്ടെന്നും ബാഗേയി കൂട്ടിച്ചേർത്തു.